Saturday, October 29, 2011


വി.എസിനും ഗണേഷ് കുമാറിനും രണ്ടു നീതി
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെക്കുറിച്ച് പറയാന്‍ പാടില്ലാത്തതാണ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞുപോയത്. അത് ഗണേഷ് തന്നെ സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുകഴിഞ്ഞു. പിതാവിനെ നിരന്തരം അധിക്ഷേപിക്കുകയും വേട്ടയാടുകയും ചെയ്യുന്നതിലുള്ള വേദന മനസ്സില്‍ ഒതുക്കിപ്പിടിച്ചു കൊണ്ടുനടക്കുന്ന ഒരു വ്യക്തി ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഇങ്ങനെ പൊട്ടിത്തെറിച്ചു പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഗണേഷ് വെറുമൊരു വ്യക്തിയല്ല. നിയമസഭയിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച പ്രതിനിധിയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുമാണ്. അതുകൊണ്ടു തന്നെ ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്ന അഭിപ്രായം പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും പ്രകടിപ്പിച്ചു. അതാണ് ജനാധിപത്യ മര്യാദ. അതു മനസ്സിലാക്കി തന്നെയാണ് ഗണേഷ് പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചതും.
ഗണേഷിന്റെ പരാമര്‍ശങ്ങള്‍ വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. പ്രസംഗം നടന്ന് മിനുട്ടുകള്‍ക്കകം ചില ചാനലുകള്‍ വാര്‍ത്തക്കൊപ്പം വിശകലനങ്ങളും ചര്‍ച്ചകളുമൊക്കെയായി നാനാവിധ സന്നാഹങ്ങളോടെ ഗണേഷിനു നേരെ ആക്രമണമഴിച്ചുവിട്ടു. ഡി.വൈ.എഫ്.എെക്കാരും എ.എെ.വൈ.എഫുകാരുമൊക്കെ പ്രടകനവും കോലം കത്തിക്കലുമായി അരങ്ങു തകര്‍ത്തു.
പ്രതിഷേധക്കാരെ കുറ്റം പറയുന്നില്ല. പറയാന്‍ പാടില്ലാത്തതു പറഞ്ഞാല്‍ പ്രതിഷേധിക്കുക തന്നെ വേണം. എന്നാല്‍ ഗണേഷിന്റെ കാര്യത്തിലുണ്ടായത് കേരളത്തില്‍ എല്ലാ നേതാക്കള്‍ക്കും ബാധകമാണോ എന്ന സംശയം നിലനില്‍ക്കുന്നു. നമുക്ക് ഇതൊന്ന് തിരിച്ചു സങ്കല്‍പിച്ചു നോക്കാം. വി.എസ്. ഗണേഷിനെതിരെയാണ് ഈ വാക്കുകള്‍ പ്രയോഗിച്ചതെങ്കിലോ? വി.എസിനൊപ്പം ചില ചാനലുകളും ശിങ്കിടികളായി കുറച്ചു മാധ്യമപ്രവര്‍ത്തകരുമുള്ളതിനാല്‍ കാര്യമായൊന്നും സംഭവിക്കില്ല. ചില യു.ഡി.എഫ്. നേതാക്കള്‍ പ്രതിഷേധിച്ചെന്നിരിക്കും. വി.എസിനെ ആക്രമിക്കാന്‍ ഇത്ര വലിയ മാധ്യമപ്പട കാണില്ല. മാത്രമല്ല വി.എസിന്റെ പരാമര്‍ശങ്ങള്‍ ആദര്‍ശവാനായ വിപ്ലവകാരിയുടെ ധീരഭാഷണങ്ങളായി ആഘോഷിക്കപ്പെടുകയും ചെയ്യും.
ഇത് വെറുതെ പറയുന്നതല്ല. സമീപകാല ചരിത്രം നമ്മളെയൊക്കെ പഠിപ്പിക്കുന്ന പാഠമാണിത്. വി.എസിന് ഒരു നീതിയും ഉമ്മന്‍ ചാണ്ടിക്കും പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഗണേഷ്കുമാറിനും പിണറായി വിജയനുമൊക്കെ വേറൊരുനീതിയുമാണ് ചില മാധ്യമങ്ങളും സാംസ്കാരിക നായകരും ചാനല്‍ ചര്‍ച്ചക്കാരും കല്‍പിച്ചു നല്‍കിയിരിക്കുന്നത്. ഇതുപോലെ മോശപ്പെട്ട പദപ്രയോഗങ്ങള്‍ വി.എസ്. പലതവണ പലര്‍ക്കുമെതിരെ നടത്തിയിട്ടും അതൊന്നും വലിയ വാര്‍ത്താപ്രാധാന്യം നേടിയിട്ടില്ല.
കുറച്ചു പിറകോട്ടു പോകാം. എം.വി. രാഘവന്‍ സി.പി.എമ്മില്‍ നിന്ന് പുറത്തായി സി.എം.പി. രൂപീകരിച്ച കാലം. ഇ.എം.എസും വി.എസും പിണറായി വിജയനുമൊക്കെ കേരളത്തില്‍ അങ്ങോളമിങ്ങോളം ചുറ്റിക്കറങ്ങി എം.വി.ആറിനെതിരെ പ്രസംഗിക്കുന്നു. ഇ.എം.എസും പിണറായിയും പറയുന്നത് രാഷ്ട്രീയം. എന്നാല്‍ വി.എസിന്റെ വായില്‍ നിന്നു വരുന്നത് തരംതാണ പ്രയോഗങ്ങള്‍. ഏതോ ഒരു പ്രസംഗത്തില്‍ ഇ.എം.എസ്. പതിവു ശൈലി വിട്ട് അല്‍പം കടുത്ത ഭാഷയില്‍ സംസാരിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ എം.വി.ആര്‍. ഇതിനോട് പ്രതികരിച്ചു: ""അച്യുതാനന്ദന് എന്തും പറയാം. എന്നാല്‍ ഇ.എം.എസ്. അത്ര തരംതാഴരുത്''.
വി.എസിന്റെ ഭാഷാശൈലിയെയും സംസ്കാരത്തെയും ഉദ്ദേശിച്ചാണ് എം.വി.ആര്‍. ഇങ്ങനെ പറഞ്ഞത്. എന്നാല്‍ അല്‍പം അര്‍ത്ഥവ്യത്യാസത്തോടെ എം.വി.ആറിന്റെ വാക്കുകള്‍ ഇപ്പോഴും കേരളത്തില്‍ പ്രസക്തമായി തുടരുകയാണ്. വി.എസിന് എന്തും പറയാം. അതിനുള്ള ലൈസന്‍സ് ചിലര്‍ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ പൊതു സാംസ്കാരിക മാനദണ്ഡങ്ങള്‍ക്ക് അതീതനാണദ്ദേഹം.
വാളകത്ത് അധ്യാപകന് ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ സംഭവം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നിയമസഭയില്‍ ചര്‍ച്ചയായ സന്ദര്‍ഭം. അശ്ലീലമായ അംഗവിക്ഷേപങ്ങളോടെ തികച്ചും ഗ്രാമ്യവും അസഭ്യവുമായ വാക്കുകളിലാണ് വി.എസ്. സംസാരിച്ചത്. ഇതിന്റെ പേരില്‍ ഒരു കോലാഹലവുമുണ്ടായില്ല.
യു.ഡി.എഫിലെയും സ്വന്തം പാര്‍ട്ടിയിലെയും നേതാക്കളെക്കുറിച്ച് പെണ്ണുപിടിയന്‍മാര്‍, കാമാന്ധന്‍മാര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ വി.എസ്. പലതവണ നടത്തിയിട്ടുണ്ട്. ഇതൊക്കെ വലിയ സംഭവങ്ങളായി ലൈവ് കാണിച്ചവരാരും അതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച വനിതയെക്കുറിച്ച് ""അവര്‍ മറ്റൊരു തരത്തില്‍ പ്രസിദ്ധയാണ്'' എന്ന് വി.എസ്. പറഞ്ഞിരുന്നു. ഒരു സ്ത്രീയെ അപമാനിക്കാന്‍ ഈ പരാമര്‍ശം ധാരാളമാണ്. ഇത് ഒരു സാധാരണ വാര്‍ത്തയാകുകയും യു.ഡി.എഫ്. നേതാക്കള്‍ പ്രതിഷേധിക്കുകയും ചെയ്തെങ്കിലും മറ്റാര്‍ക്കും ഒരു പരാതിയുമുണ്ടായില്ല. മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭയിലെ ഒരംഗത്തെ ""എടോ പോഴാ'' എന്നു വിളിച്ചിട്ടും ആര്‍ക്കുമുണ്ടായില്ല ഒരു വിഷമവും.
ഇതൊക്കെ കണ്ടും കേട്ടുമായിരിക്കാം ഗണേഷും ഇങ്ങനെയൊക്കെ സംസാരിച്ചുപോയത്. കാരണവന്‍മാരെ കണ്ടാണല്ലോ ഇളമുറക്കാര്‍ പഠിക്കുക. എന്നാല്‍ തനിക്കും വി.എസിനും വെവ്വേറെ നീതികളാണെന്ന് ഗണേഷിന് ഇതുവരെ മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. അവിടെയാണ് അദ്ദേഹത്തിന് തെറ്റിയത്.
വി.എസിന്റെ ഒരുപാട് വാര്‍ത്താസമ്മേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തയാളാണ് ഇതെഴുതുന്നത്. പെണ്‍വാണിഭത്തെക്കുറിച്ചും സ്ത്രീപീഡനങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ നിഗൂഢമായ എന്തോ ഒരുതരം ആനന്ദം അദ്ദേഹം അനുഭവിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. അതുപോലെ സവര്‍ണ സമുദായക്കാരായ കെ. കരുണാകരന്‍, ആര്‍. ബാലകൃഷ്ണപിള്ള, ന്യൂനപക്ഷ സമുദായക്കാരായ ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ അസാധാരണമായ ഒരുതരം വിദ്വേം അദ്ദേഹത്തിന്റെ ഭാവങ്ങളിലും ശരീരഭാഷയിലും പ്രകടമാകുന്നതായും തോന്നിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തില്‍ പ്രവര്‍ത്തിക്കുന്ന മനോവികാരമെന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. കാരണം ഇതെഴുതുന്നയാള്‍ ഒരു മനഃശാസ്ത്ര വിദഗ്ദ്ധനല്ല. ഒരുപക്ഷെ ഇത് വെറുമൊരു തോന്നലായിരിക്കാം

No comments:

Post a Comment