Saturday, October 29, 2011


സഞ്ജീവ് ഭട്ട് പ്രകടിപ്പിക്കുന്ന ധൈര്യം
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിക്കാന്‍ നിഷ്പക്ഷമതികളെന്നു നടിക്കുന്ന ചിലര്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ്, ആ സംസ്ഥാനത്തെ മുതിര്‍ന്ന എെ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് വാര്‍ത്തകളില്‍ നിറയുന്നത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡിക്കെതിരെ മൊഴി നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതഃപര്യന്തമുള്ള സര്‍വീസ് ജീവിതം കൊണ്ട്, നീതിബോധമുള്ള ഉദ്യോഗസ്ഥനാണെന്ന് സഞ്ജീവ് ഭട്ട് തെളിയിച്ചിട്ടുണ്ട്. ഗുജറാത്തില്‍ മുസ്ലിംകളെ കൂട്ടക്കുരുതി നടത്തിക്കൊണ്ടിരിക്കുന്നതിനിടെ, 2002 ഫെബ്രുവരി 27ന് ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി ഹിന്ദുക്കളെ പ്രതികാരം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് സഞ്ജീവ് ഭട്ട്. സുപ്രീം കോടതിയെ ധരിപ്പിച്ചത്. ഇതിനു ശേഷം ക്രൂരമായ അവഗണനയും അധിക്ഷേപവും നേരിടേണ്ടി വന്നു. സഞ്ജീവ് ഭട്ടിന് പ്രധാന സ്ഥാനങ്ങളൊന്നും അദ്ദേഹത്തിന് നല്‍കിയില്ല. ഇതിനെല്ലാം ഒടുവിലാണ് ഒരു കള്ളപ്പരാതിയുണ്ടാക്കി ഭട്ടിനെ ജയിലിലടക്കുക എന്ന സാഹസത്തിനൊരുമ്പെടാന്‍പോലും മോഡി തയാറായത്. 17 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് സത്യസന്ധമായ ഈ മുതിര്‍ന്ന എെ.പി.എസ് ഉദ്യോഗസ്ഥന്‍ ജാമ്യം ലഭിച്ച് കോടതിക്ക് പുറത്തുവരുന്നത്. ഭട്ടിനെതിരെ ചുമത്തിയ ജാമ്യമില്ലാക്കുറ്റങ്ങളെല്ലാം അസാധുവാക്കിക്കൊണ്ടാണ് കോടതി ജാമ്യം നല്‍കിയത്. അത്രയും ആശ്വാസം.
അന്വേണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നുമുള്ള ഉപാധിയോടെയാണ് സെഷന്‍സ് ജഡ്ജി വി.കെ വ്യാസ്, ഭട്ടിന് ജാമ്യം നല്‍കിയത്. പൊലീസ് കോണ്‍സ്റ്റബിള്‍ കെ.ഡി പാന്ത് ഫയല്‍ ചെയ്ത എഫ്.എെ.ആറിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ സപ്തംബര്‍ 30നാണ് ഭട്ടിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. സുപ്രീം കോടതിയില്‍ തന്നെയാണ് ഭരണഘടനയുടെ അന്തഃസത്ത പരിപൂര്‍ണമായും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചു എന്നതിന്റെ തെളിവാണ് സഞ്ജീവ് ഭട്ട് എന്ന സര്‍ക്കാറുദ്യോഗസ്ഥന്റെ മഹത്വമായി ഇത് ചൂണ്ടിക്കാട്ടാം. അനുകരണീയ മാതൃക സൃഷ്ടിച്ച സഞ്ജീവ് ഭട്ടിന് പിന്നില്‍ ഗുജറാത്തിലെ എെ.പി.എസ് ഓഫീസേഴ്സ് അസോസിയേഷനും ഭട്ടിന്റെ വിപുലമായ ബന്ധുസുഹൃദ് വലയവും ഉറച്ചുനിന്നുവെന്നതും അഭിനന്ദനാര്‍ഹമാണ്.
നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജാമ്യം നേടി പുറത്തു വന്നയുടന്‍ ഭട്ട് പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ട്. തന്നേക്കാള്‍ വലുതാണ് താനുയര്‍ത്തിയ നീതിക്കു വേണ്ടിയുള്ള സമരമെന്ന ഭട്ടിന്റെ പ്രസ്താവം ഇനിയെങ്കിലും മോഡിയെപ്പോലുള്ളവരുടെ മനസു മാറ്റാന്‍ പര്യാപ്തമാവട്ടെയെന്ന് പ്രത്യാശിക്കാനേ കഴിയൂ.
ആയിരങ്ങളുടെ ചോരവീണപ്പോഴും തന്നിലര്‍പ്പിതമായ ചുമതലകള്‍ നിര്‍വഹിക്കാതെ അഭിനവ നീറോമാരെപ്പോലെ പെരുമാറിയവര്‍ക്ക് എത്രയും വേഗം ശിക്ഷ ലഭിച്ചാലെ ഭട്ടിനെപ്പോലുള്ളവരുടെ പ്രസക്തി വര്‍ദ്ധിക്കൂ. രാജ്യത്തെ നീതിപീഠങ്ങളില്‍ നിന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടിക്കടി വന്നുകൊണ്ടിരിക്കുന്ന നിരീക്ഷണങ്ങള്‍ നീതി വൈകില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഇതിനിടയിലാണ് ഭട്ടിനെപ്പോലെയൊരു ഉദ്യോഗസ്ഥന് 17 ദിവസം തടവില്‍ കഴിയേണ്ടിവന്നത്. ഇത്തരം സംഭവങ്ങള്‍ ഇനിയൊരിക്കലും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടരുത്. നീതി ശരിയുടെ പക്ഷത്താവുമെന്ന ജനാധിപത്യവിശ്വാസികളുടെ പ്രതീക്ഷക്ക് കോട്ടം തട്ടരുത്. അറസ്റ്റിലായി നാലാം ദിവസം ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഗുജറാത്ത് സര്‍ക്കാറിന്റെ കഠിനമായ എതിര്‍പ്പുകാരണം അനുവദിക്കപ്പെട്ടില്ല.
എന്താണ് ഇത്തരം സംഭവങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്? ഗുജറാത്തിനെ ഒരു സ്വകാര്യ ഭുപ്രദേശമാക്കി മാറ്റി അവിടുത്തെ നിയമവും നീതിയും നീതിനിര്‍വഹണവുമൊക്കെ മോഡിയെന്ന അഭിനവ നീറോ സ്വയം നിശ്ചയിക്കുമെന്നാണോ? അങ്ങനെയെങ്കില്‍ അതവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മുതിര്‍ന്ന ഒരു എെ.പി.എസ്. ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാര്‍ക്ക് എത്ര "സംശുദ്ധമായ' നീതിയായിരിക്കും മോഡി നല്‍കുക എന്ന് ചിന്തിക്കാന്‍ പോലുമാകില്ല. അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പാര്‍ട്ടിയില്‍ അഡ്വാനിയുമായി മത്സരിച്ചു കൊണ്ടേയിരിക്കുന്ന മോഡി, പ്രതിച്ഛായ നന്നാക്കാനുള്ള തരികിട പബ്ലിക് റിലേഷന്‍ പരിപാടികളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. മോഡിയുടെയും സില്‍ബന്തികളുടെയും തനിനിറം പതിയെയാണെങ്കിലും പൂര്‍ണമായി രാജ്യം മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. അത് മാത്രമാണ് ആശ്വാസത്തിന് വക നല്‍കുന്നത്.
സഞ്ജീവ് ഭട്ടിനെപ്പോലുള്ള മാതൃകകള്‍ മോഡിയുടെ തേര്‍വാഴ്ചക്കിടയിലുംനിരന്തരം ആവര്‍ത്തിക്കുന്നുവെന്നതാണ് ജനാധിപത്യ ഇന്ത്യയുടെ ഭാഗ്യം. ഒന്നു വഴങ്ങാന്‍ തയ്യാറായിരുന്നെങ്കില്‍ ഗുജറാത്തിലെ ഏതു സിംഹാസനവും സഞ്ജീവ് ഭട്ടിന് മോഡി നല്‍കുമായിരുന്നു. ഇരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിലേറെ വഴങ്ങാന്‍ തല്‍പരരായവര്‍ ഏറെയുള്ള ഇന്നാട്ടില്‍ നട്ടെല്ലു നിവര്‍ത്തിപ്പിടിക്കാന്‍ ഒരു ആണ്‍കുട്ടിയുണ്ടായത് നമ്മുടെ നാടിന്റെ പുണ്യമാണ്.

No comments:

Post a Comment